---
title: "തകര്‍ന്നു തരിപ്പണമായ ചെറുപുഴ ചെക്ക് ഡാം റോഡ് അടിയന്തിരമായി അറ്റകുറ്റപ്പണി നടത്തണമെന്ന ആവശ്യം ശക്തമായി"
english_title: "Cherupuzha Check Dam Road"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/37555/Cherupuzha Check Dam Road"
published_at: "2022-04-14T12:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6257cb0c3bbf5_Picsart_22-04-14_12-49-16-686.jpg"
keywords: []
---

# തകര്‍ന്നു തരിപ്പണമായ ചെറുപുഴ ചെക്ക് ഡാം റോഡ് അടിയന്തിരമായി അറ്റകുറ്റപ്പണി നടത്തണമെന്ന ആവശ്യം ശക്തമായി

> **Lead Summary:** ചെറുപുഴ:- തകര്‍ന്നു തരിപ്പണമായ ചെറുപുഴ മേലെ ബസാര്‍ ചെക്ക് ഡാം റോഡ് അടിയന്തിരമായി അറ്റകുറ്റപ്പണി നടത്തണമെന്ന ആവശ്യം ശക്തമായി.

## Article Content

ചെറുപുഴ:- തകര്‍ന്നു തരിപ്പണമായ ചെറുപുഴ മേലെ ബസാര്‍ ചെക്ക് ഡാം റോഡ് അടിയന്തിരമായി അറ്റകുറ്റപ്പണി നടത്തണമെന്ന ആവശ്യം ശക്തമായി.

റോഡിന്റെ മിക്കഭാഗങ്ങളും പൊട്ടിപ്പൊളിഞ്ഞ് വലിയ കുഴികള്‍ രൂപപ്പെട്ടിരിക്കുകയാണ്. ചെറുപുഴ ടൗണില്‍ നിന്നും ചെക്ക് ഡാം ഭാഗത്തേക്കുള്ള ഈ റോഡ് കാല്‍നടയാത്ര ചെയ്യാന്‍ പോലും പറ്റാത്ത വിധം തകര്‍ന്നിട്ട് നാളുകളായി.

ചെക്ക് ഡാം കടന്ന് ഈസ്റ്റ് എളേരി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലേക്കും സിനിമ തീയേറ്ററിലേക്കും പഞ്ചായത്ത് പുതിയതായി ഏര്‍പ്പെടുത്തിയ പാര്‍ക്കിംഗ് സ്ഥലത്തേക്കുമെല്ലാം പോകേണ്ട റോഡാണിത്.

നൂറു കണക്കിനു വാഹനങ്ങളാണു ദിവസവും ഈ ദുര്‍ഘട പാത താണ്ടി പോകുന്നത്. ചെറുപുഴ പഞ്ചായത്ത് നിര്‍മിച്ച കുട്ടികളുടെ പാര്‍ക്കിലേക്കും എത്തിപ്പെടേണ്ടത് ഇതുവഴി തന്നെ.

പാര്‍ക്ക് തുറന്നുകൊടുക്കുന്നതോടെ ഇതുവഴി എത്തുന്ന വാഹനങ്ങളുടെ എണ്ണം കൂടും. മലയോര ഗ്രാമങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പ്രധാന റോഡായിട്ടും വാര്‍ഷിക അറ്റകുറ്റപ്പണി നടത്താത്തതാണ് റോഡിന്റെ തകര്‍ച്ചയ്ക്ക് പ്രധാന കാരണം.

കുട്ടികളുടെ പാര്‍ക്ക് തുറന്നുകൊടുക്കുന്നതിന് മുന്നോടിയായെങ്കിലും റോഡ് നവീകരിച്ചില്ലെങ്കില്‍ അത് വലിയ തോതില്‍ പരാതിക്കിടയാക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/37555/Cherupuzha Check Dam Road)